|
READING PROBLEM?
ഉത്സവമല്ലേ; എല്ലാരും പോരട്ടെ!!
ക്ഷമിക്കുക. ഇതെഴുതാതിരിക്കുവാനാവില്ല. ദിവസം അഞ്ചു സിനിമ കാണണമെന്ന വെപ്രാളത്തില്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് തിയറ്ററില്‍ നിന്ന് തിയറ്ററിലേക്കോടുന്നവരെക്കുറിച്ചല്ല ഇത്. അവര്‍ പാവങ്ങള്‍. സിനിമ കാണണമെന്നാഗ്രഹിച്ച് ക്യാഷ്വല്‍ ലീവെടുത്ത് നാട്ടിലും ഒാഫീസിലും വീട്ടിലും പഴികേട്ട് വരുന്നവര്‍, തിയറ്ററില്‍ സമാധാനമായിരുന്ന് സിനിമ കാണട്ടേ.
ഓരോ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഇനിപ്പറയുന്ന ഗണങ്ങളെ കണ്ടുമുട്ടാം, കൂട്ടിമുട്ടാം. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ പോലും അറിയുന്നില്ലല്ലോയെന്നോര്‍ത്ത് സഹതപിക്കാം.
തിയറ്ററിനുള്ളിലും പുറത്തും മൊബൈല്‍ ഫോണാണു താരം. സിനിമ തുടങ്ങുന്നതിന് മുമ്പായി മൊബെയില്‍ സ്വിച്ചോഫ് ചെയ്യുകയെന്ന സാമാന്യ മര്യാദ പലര്‍ക്കും അപരിചിതം. സിനിമക്കിടയില്‍ കോള്‍ വരികയായി. എടുക്കാതിരിക്കാന്‍ സൗമനസ്യം ആര്‍ക്കുമില്ല. അടുത്തിരിക്കുന്നവനെ ശല്യപ്പെടുത്തി അടഞ്ഞ ഒച്ചയിലും തുറന്ന ഒച്ചയിലും സംസാരം തുടങ്ങുകയായി. ചിലര്‍ക്ക് മൊബൈലില്‍ ഗെയിമുകള്‍ കളിക്കാനാണു താല്‍പര്യം. സ്ക്രീനില്‍ സിനിമ, കയ്യില്‍ കളി. ഈ കളിപ്പീര് അരെയാണ്? ഫെസ്റ്റിവെല്‍ കണ്ടില്ലെങ്കില്‍ പിഴശിക്ഷയോ ഇമ്പോസിഷന്‍ എഴുതിക്കുകയോ ഒന്നുമില്ലല്ലോ?!! എന്തായാലും ഒരാഴ്ച 'നശിപ്പിക്കാന്‍' തീരുമാനിച്ചു. എങ്കില്‍ ആ മൊബൈല്‍ വീട്ടില്‍ വെച്ചിട്ട് പോന്നു കൂടെ?!
കുറച്ചു നാള്‍ മുമ്പുള്ള ഒരു ഫെസ്റ്റിവെല്‍. അന്നു മൊബൈല്‍ കേരളത്തില്‍ വന്നിട്ടേയുള്ളു. മൊബൈല്‍ ശല്യം കൊണ്ട് ഒരു രക്ഷയുമില്ല. അന്ന് യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായിരുന്ന കിരണും സംഘവും ഒരു 'സറ്റയര്‍' ഒപ്പിച്ചു. അവര്‍ പാളയം മാര്‍ക്കറ്റില്‍ നിന്ന് ഓരോ കളി മൊബൈലുകള്‍ വാങ്ങി. എന്നിട്ട് ഫെസ്റ്റിവെല്‍ നടക്കുന്ന തിയറ്ററുകള്‍ക്ക് പുറത്തുവെച്ച് അതിന്റെ ബട്ടന്‍ അമര്‍ത്തും. അതു വികൃതമായി ബെല്ലടിക്കും. ഫോണെടുക്കുന്നതായി അഭിനയിച്ച് അവര്‍ പറഞ്ഞു "ആ .. ശശാങ്കാ... ഞാനും വാങ്ങി ഒരു മൊബൈല്‍. പാസില്ലെങ്കിലും സിനിമ കാണാം. പക്ഷെ മൊബൈലില്ലെങ്കില്‍ ഒരു കുറവാ. നീയൊരു കാര്യം ചെയ്യ്, 10 മിനിട്ടു കഴിയുമ്പോള്‍ സിനിമ തുടങ്ങും. അപ്പോള്‍ എന്നെ വിളിക്ക്.. എന്തോ..വിളിക്കുന്നതെന്തിനാണെന്നോ...എനിക്കും മൊബൈലുണ്ടെന്ന് എല്ലാവരും അറിയട്ടടേ..."
തിരുവനന്തപുരത്തെ മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്. നിങ്ങളെ ഒന്ന് എഡിറ്റ് ചെയ്യാതെ നിവര്‍ത്തിയില്ല. മീഡിയ പാസ് എന്നൊരു ആചാരവെടി ഫെസ്റ്റിവലില്‍ പതിവുണ്ട്. സംഭവം ഫ്രീപാസാണ്. ഈ ഫ്രീപാസുകള്‍ കിട്ടാന്‍ തലക്കിടിയാണ്. വിതരണം ചെയ്യുന്ന മീഡിയ പാസ്സുകളുടെ എണ്ണമെടുത്താല്‍ ഞെട്ടിപോകും. സിനിമയോട് ഇത്രയധികം സ്നേഹമുള്ള വലിയൊരു മീഡിയാ ലോകമുണ്ടെന്ന് തെറ്റിദ്ധരിക്കുക സ്വാഭാവികം. ചത്താലും കുറുക്കന്റെ കണ്ണ്‍ കോഴിക്കൂട്ടില്‍ എന്ന ഉപമക്ക് അര്‍ഹരാം വിധമാണ് റിപ്പോര്‍ട്ടിംഗ്. പോപ്പുലര്‍ താരങ്ങളെ വെച്ച് എഴുതുന്ന സ്ഥിരം ഗോസിപ്പ് ഫിലിം റിവ്യൂകള്‍ക്കപ്പുറം ഒന്നും തിരുവനന്തപുരത്തു നിന്നും പുറത്തിവരില്ല. എന്തിന്, കൊമേഷ്യല്‍ സിനിമയിലെ താരങ്ങള്‍ വന്നാല്‍ ക്യാമറകള്‍ അവര്‍ക്കു ചുറ്റും കറങ്ങും. ബാക്കി സമയം മീഡിയ സെന്ററില്‍ വെടി പറഞ്ഞിരിക്കും. ബ്രോഷര്‍ നോക്കി അന്നന്നത്തെ സിനിമാ നിരൂപണം എഴുതും. അല്ലാതെ അന്താരാഷ്ട്ര സിനിമയെ മലയാളിക്കു പരിചയപ്പെടുത്താന്‍ എന്തു ചെയ്യുന്നുണ്ട് മീഡിയ? പ്രിയപ്പെട്ട മീഡിയ സുഹൃത്തുക്കളേ, സത്യത്തില്‍ ഫ്രീപാസ് എന്ന ഏര്‍പ്പാട് നിങ്ങള്‍ക്ക് സ്വയം നിര്‍ത്തിക്കൂടെ? കാശുള്ള നിങ്ങളുടെ മാനേജ്‌മെന്റുകളെ കൊണ്ട് കാശുകൊടുത്ത് പാസെടുപ്പിച്ചു കൂടെ? അങ്ങിനെ കിട്ടുന്ന ഓരോ 300 രൂപയും നല്ല സിനിമക്കുള്ള നിങ്ങളുടെ സംഭാവനയായി നല്‍കിക്കൂടെ? ഫ്രീയായി വന്ന് ഫ്രീയായി മടങ്ങുന്ന സിനിമാ ജേര്‍ണലിസം ഇനിയെങ്കിലും നിര്‍ത്തരുതോ? മീഡിയ എന്നെഴുതിയ നിങ്ങളുടെ ബാഡ്‌ജുകള്‍ കാണുമ്പോള്‍ 'ഓസിനു വന്നവര്‍' എന്നു തന്നെയാണു ഭാഷ്യം.
വടക്കുനിന്നും വരുന്ന ഒരാളെ ഏതെങ്കിലും തിയറ്റര്‍ കവാടത്തില്‍ നിങ്ങള്‍ കാണും. കയ്യില്‍ ഒരു കൂപ്പണ്‍ പുസ്തകം ഉണ്ടാകും. പുള്ളിക്കാരനെ പറ്റി ജോണ്‍ എബ്രഹാമാണോ പറഞ്ഞത് എനിക്കു പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ലെന്ന്!!
സിനിമയുടെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് നെറ്റിയില്‍ ബാനര്‍ എഴുതിയാണ് കക്ഷിയുടെ നില്‍പ്പ്. ജോണ്‍ എബ്രഹാമിന്റെ ശിഷ്യന്‍ (അതോ ഗുരുവോ) എന്ന മട്ടിലാണ് കാര്യങ്ങള്‍. ജനങ്ങളുടെ കാശുകൊണ്ട് ജനങ്ങള്‍ക്കുള്ള സിനിമ പിടിക്കാനാണ് ജോണ്‍ ഒഡേസയുമായി ഇറങ്ങിയത്. ഒഡേസയുടെ പ്രേതം പോലെ വടക്കന്‍ തിയറ്ററിനു മുന്നിലുണ്ടാകും. പിരിവാണ് ലക്ഷ്യം. എല്ലാവര്‍ക്കും സുപരിചിതന്‍. പത്തു മുതല്‍ നൂറു രൂപ വരെ നീളുന്ന കൂപ്പണാണു കക്ഷിയുടെ ആയുധം. 5000 രൂപയില്‍ കൂടുതല്‍ ആരില്‍ നിന്നും വാങ്ങില്ല എന്ന വാശിയുണ്ട്; എത്ര വലിയ ആദര്‍ശവാന്‍. ഓരോ വര്‍ഷവും വിദ്വാന് ഓരോ ജനകീയ സിനിമ പരിപാടി ഉണ്ടാകും. കാശു പിരിച്ച് ജോണ്‍ ഉണ്ടാക്കിയ സിനിമ നമ്മള്‍ കണ്ടു. ഇതിയാനുണ്ടാക്കുന്നത് കണ്ടിരിക്കുക അസാധ്യം. ഒരു സിനിമ ഉണ്ടാക്കുന്നു, തുടര്‍ന്ന് അടുത്തത്. നടയടി പോലെ ജനകീയ സിനിമാ കൂപ്പണ്‍ വാങ്ങി പോക്കറ്റിലിട്ട് സിനിമ കണ്ടു തുടങ്ങാം. ഡെലിഗേറ്റ് പാസ് മറന്നാലും ഈ കൂപ്പണ്‍ ആരും എടുക്കാന്‍ മറക്കില്ല. അടുത്ത ദിവസം സിനിമക്കു ചെല്ലുമ്പോഴും പ്രേതബാധയുണ്ടായേക്കാം. കുരിശു കാണിക്കുന്നതു പോലെ കൂപ്പണ്‍ പൊക്കിക്കാണിച്ച് (മുണ്ട് പൊക്കിക്കാണിക്കുകയാണെന്ന് മനസ്സില്‍ പറഞ്ഞ്) സിനിമ കണ്ടു തുടങ്ങാം. ഒറ്റ സിനിമ പോലും കാണില്ലെന്ന വാശിയാണ് കക്ഷിയുടെ സിനിമയുടെ അടിത്തറ. ഇനി കൂപ്പണുമായി ആളെ കണ്ടാല്‍ ചോദിക്കണം, ഒഡേസയുടെ കയ്യിലുണ്ടായിരുന്ന ജോണ്‍ സിനിമകളെവിടെ. പൈറേറ്റഡ് സി.ഡിയായി പോലും പുറത്തു വരാത്ത 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' എവിടെ?
ചിലര്‍ക്ക് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവു നല്‍കലാണ് ഫെസ്റ്റിവെല്‍. അതിനുവേണ്ടി സ്കൂള്‍ തുറക്കുമ്പോള്‍ ഒരുങ്ങുന്നതുപോലെ ഒരുങ്ങും. ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യമായ ആടയാഭരണങ്ങള്‍ വാങ്ങുകയായി. ബാഗിനും സ്ഥാനമുണ്ട്. ആചാരം പോലെ അവര്‍ വരും. ഫെസ്റ്റിവെല്‍ വേദികളില്‍ നിറയെ പാറി നടക്കും. വരവറിയിക്കും. നാട്ടുമ്പുറത്ത് പെണ്‍കുട്ടികള്‍ വയസറിയിക്കുന്ന ചടങ്ങുണ്ട്, കുരവയൊക്കെയിട്ട്. അതേ മാതിരിയാണ് ഇവിടെയും വരവറിയിക്കല്‍. ഫെസ്റ്റിവെലില്‍ പോയില്ലെങ്കില്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്നതു മാത്രമാണ് ഇക്കൂട്ടരുടെ വിചാരം. ഇക്കൂട്ടരും സിനിമ കാണില്ല. തിയറ്ററിനു പുറത്തെ ചവിട്ടു പടികളിലണു സ്ഥാനം. ഒരു വര്‍ഷം കൊണ്ട് സ്വരുക്കൂട്ടിയ പൊങ്ങച്ചവും, കുശുമ്പും, ഗോസിപ്പുകളും തിയറ്റര്‍ പടികളിലാകെ ഇക്കൂട്ടര്‍ ഛര്‍ദ്ദിച്ചു വെക്കും. നാറിയിട്ട് അടുക്കാനാവാത്ത ആ ഛര്‍ദ്ദികള്‍ ചവിട്ടികടന്നു വേണം നമുക്ക് സിനിമ കാണാന്‍. നല്ല സിനിമ കാണാനുള്ള പെടാപ്പാടുകളേ!!
മദ്യവും സിനിമയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് സാര്‍. മദ്യപിച്ചാല്‍ ഒരു സിനിമ നാലായി കാണാം!! ആരൊക്കെ വിചാരിച്ചാലും തിരുവനന്തപുരത്തെ അബ്‌കാരികള്‍ ഫിലിം ഫെസ്റ്റിവല്‍ മറ്റെവിടേയ്കെങ്കിലും മാറ്റാന്‍ അനുവദിക്കില്ല. അവര്‍ എല്ലാ സ്വാധീനവും ഉപയോഗിക്കും. മന്ത്രിതലത്തിലും രാഷ്ട്രീയതലത്തിലും. ഓണത്തിനും ക്രിസ്തുമസിനും ബാക്കിയുള്ള സ്ഥലങ്ങളില്‍ പൊരിഞ്ഞ മദ്യവില്‍പ്പന നടക്കുമ്പോള്‍ തിരുവനന്തപുരത്ത് അത് ഡിസംബറിലെ ഫെസ്റ്റിവെല്‍ ദിവസങ്ങളിലാണ്. മദ്യത്തിന്റെ നാറ്റവും നിലതെറ്റിയ നില്‍പ്പും ഫെസ്റ്റിവെലിന്റെ മറ്റൊരു മുഖമാണ്. നാണക്കേടൊന്നും കൂടാതെ ആരോടും കാശു ചോദിക്കാം. ബുദ്ധി ഇത്തിരി കൂടുതലുണ്ടെന്ന് കാണിക്കാന്‍ പെണ്‍ബുദ്ധിജീവികളും അല്‌പസ്വല്‌പം മദ്യ നാറ്റത്തിലെത്തുന്നതാണ് സാര്‍ ഫെസ്റ്റിവെല്‍ ഫെമിനിസം.
ഒറ്റക്കൊരു സിനിമക്കു കയറിയ കഥ ഒരു കൂട്ടുകാരി പറഞ്ഞു. അവള്‍ കയറിയ സിനിമയില്‍ സെക്സ് ആവോളമുണ്ട്. ഫെസ്റ്റിവെല്‍ ഫിലിമിലെ സെക്സുകാണുമ്പോള്‍ മോര്‍ച്ചറിയില്‍ നഗ്നശരീരം കാണുന്ന ലാഘവത്വത്തോടെ ഇരിക്കലാണു ഫെസ്റ്റിവെല്‍ സ്റ്റൈല്‍. അതിനാല്‍ അപരിചിതരായ ആണുങ്ങള്‍ക്കരികിലിരുന്ന് സിനിമകാണാന്‍ പെണ്ണുങ്ങള്‍ മടിക്കാറില്ല. കൂട്ടുകാരിയുടെ കഥയിലേക്കു വരാം. അടുത്ത് ഒരു വയസ്സന്‍ ബുദ്ധിജീവി. സെക്സ് സീനുകള്‍ വരുമ്പോള്‍ ദീര്‍ഘനിശ്വാസവും സീല്‍ക്കാരവും കൊണ്ട് ആളാകെ ഉണരുന്നു, ഉഷാറാകുന്നു. സീല്‍ക്കാരങ്ങള്‍ സഹിക്കാനാവാതെ കൂട്ടുകാരി തിയറ്റര്‍ വിട്ടു. .
തിയറ്ററില്‍ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് 'എ' പടം കാണുന്ന മറ്റൊരു കൂട്ടുകാരന്‍ കളിയാക്കിയതും മറക്കാനാവില്ല. "നീയൊക്കെ സഞ്ചിയും തൂക്കി സിനിമ കാണാന്‍ പോകുമ്പോള്‍ നീയൊക്കെ ബുദ്ധിജീവി. അതേ സിനിമ ഞാന്‍ തിയറ്ററില്‍ പോയി കണ്ടാല്‍ ഞാന്‍ ഊള".
ഇത്ര നേരം കുശുമ്പും, ഏഷണിയും, പരദൂഷണവും തട്ടിവിട്ടു കൊണ്ടിരിക്കുന്ന് ഈ ഞാനാണോ യഥാര്‍ത്ത കാഴ്ചക്കാരനെന്നു തോന്നി പോയിട്ടുണ്ടാകും. ദിവസവും അഞ്ചു സിനിമ കാണും. ഭക്ഷണം പോലും കഴിക്കാന്‍ സമയം കിട്ടുന്നുണ്ടാവില്ല. ഏറ്റവും നല്ല സിനിമ ഞാന്‍ കണ്ടതാണെന്ന് പെരിപ്പിക്കലാണ് ഇടവേളകളിലെ സന്ദേശം. ഈ സിനിമയൊക്കെ കാണുന്നതു തന്നെ ഒരു സിനിമ ഉണ്ടാക്കണമെന്ന മോഹത്തോടെയാണ്. നമ്മുടെ പ്രിയദര്‍ശനൊക്കെ ചെയ്യുന്നതു പോലെ അടിമുടി അടിച്ചുമാറ്റലല്ല. സിനിമ കാണണം, അതില്‍ നിന്നു സിനിമ ഉണ്ടാക്കണം. ലക്ഷപ്രഭുവാകണം, കാറു വാങ്ങണം, വീടുവയ്ക്കണം,പിന്നെ നടികളുമായി.....
ഫെസ്റ്റിവെല്‍ എന്നാല്‍ ഉത്സവം. ഉത്സവമാകുമ്പോള്‍ ആനമയില്‍ ഒട്ടകം കറക്കുകമ്പനികള്‍, ഇഞ്ചിമിഠായി വില്‍പ്പനക്കാര്‍, പോക്കിരികള്‍, ഭക്തര്‍, പോക്കറ്റടിക്കാര്‍, മുട്ടുനേര്‍ച്ചക്കാര്‍, വായിനോക്കികള്‍ തുടങ്ങി എല്ലാ കലാപരിപാടികളും ഉണ്ടാകുമല്ലോ. ദയവായി സ്റ്റേജിലേക്ക് കടന്നു ചെന്നേക്കാവുന്ന വെളിച്ചമെല്ലാം അണയ്ക്കാം. വേദിയില്‍ സിനിമ തെളിയട്ടേ!! | English Version | To post your comments in Malayalam, use 'Manglish'
| History of Indian Cinema |
Indian Parallel Cinema |
History of Malayalam Cinema | |