READING PROBLEM?
DOWNLOAD MEERA FONT

മരമുകളിലെ ഭ്രാന്തനും പരദേശി മൂസയും

രാജ്‌മോഹന്‍


ഇന്ത്യാ വിഭജനകാലത്തെ നീറുന്ന ജീവിതാനുഭവങ്ങള്‍ തീക്ഷ്ണങ്ങളായ കഥകളിലൂടെ നമ്മിലെത്തിച്ച ഉര്‍ദ്ദു സാഹിത്യകാരന്‍ സാദത്‌ ഹസന്‍ മാംതോയുടെ ഒരു കഥയുണ്ട്‌ - 'തോബാ ടേക്ക്‌ സിംഗ്‌'. വിഭജനത്തിന്‌ ഏതാനും വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇന്ത്യയുടെയും പാക്കിസ്ഥാനിന്റെയും സര്‍ക്കാരുകള്‍ക്ക്‌ ഒരു ബോധോതയമുണ്ടായി; അതത്‌ രാജ്യങ്ങളില്‍ കഴിയുന്ന തടവുകാരില്‍ ഹിന്ദുത്തടവുകാരെ ഇന്ത്യയിലേക്കും മുസ്ലിം തടവുകാരെ പാക്കിസ്ഥാനിലേക്കും കൈമാറിയതുപോലെ എന്തുകൊണ്ട്‌ ഇരു രാജ്യങ്ങളിലേയും ഭ്രാന്താസ്പത്രികളില്‍ കഴിയുന്ന ഭ്രാന്തന്മാരെയും കൈമാറിക്കൂടാ? അങ്ങിനെ ഭ്രാന്തന്മാരുടെ ആ അസംബന്ധ യാത്ര തുടങ്ങുന്നു. ഇരുരാജ്യങ്ങളിലുമുള്ള ലക്ഷ്യങ്ങളിലേക്കുള്ള തങ്ങളുടെ യാത്രക്കിടയില്‍ ഭ്രാന്തന്മാരുടെ ഇരു ഘോഷയാത്രകളും അതിര്‍ത്തി പ്രദേശത്ത്‌ കണ്ടുമുട്ടുന്നു. ഇവരില്‍ ഒരു ഭ്രാന്തന്‍ പെട്ടന്ന് ഒരു മരക്കൊമ്പില്‍ കയറി വിഭജനത്തിനെക്കുറിച്ച്‌ മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണം നടത്തുന്നു. ഇയാളെ നിലത്തിറക്കുവാന്‍ ഭടന്മാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. മരത്തിന്റെ ഏറ്റവും മുകളിലത്തെ ശിഖരത്തില്‍ കയറിപ്പറ്റിയ ആ ഭ്രാന്തന്‍ പ്രഖ്യാപിക്കുന്നു: "എനിക്ക്‌ ഇന്ത്യയിലും പാക്കിസ്ഥാനിലും ജീവിക്കണ്ട, ഈ മരമുകളില്‍ കഴിഞ്ഞാല്‍ മതി". ഇങ്ങനെ പോകുന്നു വിഭജനത്തിന്റെ അസംബന്ധതയെക്കുറിച്ചുള്ള മാംതോയുടെ പരിഹാസത്തില്‍ പൊതിഞ്ഞ കഥ. ഒരുപക്ഷെ ഭ്രാന്തന്മര്‍ക്കു മാത്രമേ സ്വകാര്യമായ ഭ്രന്തും ജനക്കൂട്ടത്തിന്റെ മുഴുഭ്രാന്തും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാന്‍ സാധിക്കൂ.

സര്‍ സിറിള്‍ റാഡിക്ലിഫെന്ന സായിപ്പിനെ ഇന്ത്യയില്‍ വിളിച്ചുവരുത്തി 36 ദിവസങ്ങള്‍ക്കകം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഒരു വരവരച്ച്‌ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും രണ്ട്‌ രാജ്യങ്ങള്‍ സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഭംഗിയായിത്തന്നെ അദ്ദേഹം തന്റെ കടമ നിര്‍വ്വഹിക്കുന്നു. പക്ഷെ അദ്ദേഹം വരച്ച വര ഒരു രാജ്യത്തെ മാത്രമല്ല ലക്ഷക്കണക്കിന്‌ കുടുംബങ്ങളെക്കൂടിയാണ്‌ വിഭജിച്ചത്‌. ചരിത്രത്തിലെ ഈ അസംബന്ധനാടകം സൃഷ്ടിച്ച മുറിവുകള്‍ ആറു ദശകങ്ങള്‍ക്കുശേഷവും ഇന്നും ഉണങ്ങാതെ നില നില്‍ക്കുന്നു.


അതിര്‍ത്തിയില്‍നിന്നും എത്രയോ ദൂരെ, ഇങ്ങ്‌ കേരളത്തില്‍, ഇന്ത്യയുടെ വിഭജനം തങ്ങള്‍ക്ക്‌ സമ്മാനിച്ച ദുരിതപൂര്‍ണ്ണമായ ജീവിതങ്ങള്‍ നയിക്കുന്ന ഏതാനും മനുഷ്യരുടെ ദുരന്തകഥ പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'പരദേശി' നമുക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്നു. കച്ചവടത്തിനും മറ്റുമായി പാക്കിസ്ഥാനിലെ കറാച്ചി നഗരത്തില്‍ പോയ പച്ചമലയാളികളായ ഈ മലബാറുകാര്‍ പക്ഷെ വിഭജനാനന്തരം ഉണ്ടായ പാകിസ്ഥാനെന്ന പുതിയ രാഷ്ട്രത്തിന്റെ പൗരന്മാരായി തീരുമ്പോള്‍, ഇവരുടെ ഉറ്റവരും ഉടയവരുമെല്ലാം കേരളത്തില്‍ തന്നെ തുടരുന്നു. വിഭജനാനന്തര രാഷ്ട്രീയാഭാസങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനും പാകിസ്ഥാനിയും തങ്ങള്‍ ആജന്മ ശത്രുക്കളാണെന്ന തിരിച്ചറിവില്‍ പരസ്പരം വാളോങ്ങിയപ്പോള്‍ വഴിമുട്ടിയത്‌ ഈ ഹതഭാഗ്യരുടെ ജീവിതങ്ങളായിരുന്നു.

ഇവരിലൊരുവനാണ്‌ വലിയകത്ത്‌ മൂസയും. താന്‍ മനസ്സാതിരഞ്ഞെടുക്കാത്തതും സാഹചര്യവശാല്‍ തന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ പാക്കിസ്ഥാന്‍ പൗരത്വം മൂസയെ ഇന്ത്യന്‍ പൗരന്മാരായ ഭാര്യയില്‍നിന്നും മക്കളില്‍നിന്നും അടര്‍ത്തിമാറ്റി. വല്ലപ്പോഴും തനിക്ക്‌ ലഭിക്കുന്ന ഏതാനും ദിവസത്തേക്ക്‌ മാത്രമുള്ള വിസയില്‍ നാട്ടിലെത്തുന്ന മൂസ സ്വന്തം നാട്ടില്‍ ഒരു പരദേശിയായിത്തന്നെ തീരുന്നു. വിസയുടെ കാലാവധി തീരുമ്പോള്‍ അതുനീട്ടിക്കിട്ടാനുള്ള നെട്ടോട്ടമാണ്‌, അതു കിട്ടാതെവരുമ്പോള്‍ അനധികൃതമായ ഒളിവുജീവിതം, പിന്നെ പോലീസ്സിന്റെ വേട്ടയാടല്‍, ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ പാകിസ്ഥാനിലേക്കുള്ള നാടുകടത്തല്‍. ഇന്ത്യന്‍ സര്‍ക്കാരിന്‌ ഇയാളൊരു പാകിസ്ഥാന്‍ ചാരനാണ്‌, പാക്കിസ്ഥാന്‍ സര്‍ക്കാരും ഇന്ത്യയില്‍ നിന്ന് വന്നും പോയുമിരിക്കുന്ന ഇയാളെ സംശയത്തോടെ തന്നെ വീക്ഷിക്കുന്നു. തന്റെ മുപ്പതുകളില്‍ തുടങ്ങുന്ന ഈ ദുരിതജീവിതം മൂസയുടെ ജീവിതസായാഹ്നത്തിലും, തന്റെ എണ്‍പതുകളിലും, മാറ്റമില്ലാതെ തുടരുന്നു. മൂസയെ മാത്രമല്ല, ഇതേവിധിയും പേറി ജീവിക്കുന്ന അബ്ദുള്‍ റഹ്മാനെയും, ഉസ്മാനെയും, മൂസയുടെ ചെറുപ്പകലത്തെ പ്രേമഭാജനമായിരുന്ന ഖദീജയേയും എല്ലാം നാം പരദേശിയില്‍ കണ്ടുമുട്ടുന്നു. ഇവരില്‍ ഉസ്മാനെപ്പോലുള്ള ചിലര്‍ ശാരീരികവും മാനസ്സികവുമായ ഈ പീഡനം സഹിക്കവയ്യാതെ ഭ്രാന്തിലേക്ക്‌ വഴുതിവീഴുന്നു.

ഇന്ത്യന്‍ പൗരത്വമെന്ന തന്റെ എക്കാലത്തെയും മോഹം സാക്ഷാത്കരിക്കുവാനുള്ള അവസാന ശ്രമങ്ങളിലാണ്‌ എണ്‍പതുകളിലെത്തിനില്‍ക്കുന്ന മൂസ. വിഭജനത്തിന്റെ ഇരകളായ മൂസയേപ്പോലുള്ളവരുടെ ദുരന്തകഥ ഒരു ഫീച്ചറാക്കാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകയായ ഉഷയും, മൂസയുടെ അഭിഭാഷകനും മൂസയെ തന്റെ ദൗത്യത്തില്‍ സഹായിക്കുന്നു. ഉഷയുടെ അന്വേഷണങ്ങളില്‍ക്കൂടിയാണ്‌ 'പരദേശി'യുടെ കഥ വികസിക്കുന്നതുതന്നെ. സ്വന്തം മക്കള്‍ക്കുതന്നെ തന്റെ സാമീപ്യം അസ്വസ്ഥതയുളവാക്കുന്നു എന്ന അറിവ്‌ മൂസയുടെ ആത്മവീര്യം ചോര്‍ത്തിതുടങ്ങുന്നു. ജനനം കൊണ്ട്‌ ഇന്ത്യക്കാരനായ പാക്ക്‌ രാഷ്ട്രത്തലവനും പാക്കിസ്ഥാനിയായ ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ച അലസിപ്പിരിയുമ്പോള്‍ ചരിത്രത്തിന്റെ ഈ അസംബന്ധനാടകം ഒരു പൂര്‍ണ്ണ വൃത്തം പൂര്‍ത്തിയാക്കുന്നു. ഇതോടെ മൂസയുടെ ഇന്ത്യന്‍ പൗരത്വമെന്ന ആഗ്രഹം അപ്രാപ്യമാവുകയും മൂസയെ വീണ്ടും നാടുകടത്തുകയും ചെയ്യുന്നു. വൃദ്ധനായ മൂസ അതിര്‍ത്തിപ്രദേശത്തെ മരുഭൂമിയില്‍ക്കൂടി ഞൊണ്ടിനീങ്ങുന്ന ദയനീയ ദൃശ്യത്തില്‍ ചിത്രം അവസാനിക്കുന്നു.

രാഷ്ട്രീയ അത്യാഗ്രഹങ്ങളും മതാന്ധതയും എല്ലാം ചേര്‍ന്നാടിയ ഒരു അസംബന്ധ നാടകത്തിനൊടുവില്‍ ഒരുവന്‍ പെട്ടെന്ന് അവനല്ലാതാവുന്നു. അവന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അധികാരവര്‍ഗ്ഗം അവന്‌ കല്‍പ്പിച്ചു നല്‍കുന്ന പുതിയ അസ്തിത്വം അവന്റെ ജീവിതകാലമത്രയും അവനെ വേട്ടയാടുന്നു. ഒരു കാഫ്കാ കഥയിലെ കഥാപാത്രത്തെപോലെ ശക്തമാവാന്‍ സാധ്യതയുണ്ടായിരുന്ന കഥാപാത്രമാണ്‌ മുസയുടേത്‌. പക്ഷെ അത്ര ജനപ്രിയമല്ലെന്ന് സംവിധായകനുതന്നെ തോന്നിയിരിക്കാവുന്ന പ്രമേയത്തെ ജനപ്രിയമാക്കുവാന്‍ നടത്തിയ പാഴ്ശ്രമം കൊണ്ടാവാം 'പരദേശി' ഇതില്‍ ഏറെക്കുറെ പരാജയപ്പെട്ടു എന്ന് പറയാതെവയ്യ. നാടകീയതയും സെന്റിമെന്‍സും തമാശകളും പ്രണയവുമെല്ലാം നിറഞ്ഞ ഒരു സാധാരണ ചിത്രമായി 'പരദേശി' ഒതുങ്ങുന്നു. അമിതാഭിനയവും കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളുമെല്ലാം ഈ ചിത്രത്തില്‍, അടൂരിനെ കടമെടുത്തുകൊണ്ട്‌ പറയട്ടെ, 'സാമ്പാറിലെ വേവാത്ത ചേനക്കഷ്ണങ്ങള്‍' പോലെ അനുഭവപ്പെടുന്നു.

ഈ ചിത്രത്തിലെ മുസ്ലീം കഥാപാത്രങ്ങള്‍ മിക്കവരുംതന്നെ പലപ്രാവശ്യം ഇന്ത്യന്‍ മുസ്ലീമിന്റെ ഇന്ത്യാ സ്നേഹത്തെക്കുറിച്ച്‌ വാചാലരാവുന്നുണ്ട്‌. Political correctnessനു വേണ്ടിയുള്ള ഈ ശ്രമത്തിനിടയില്‍ ഇന്ത്യാവിഭജനത്തിലേക്ക്‌ നയിച്ചത്‌ മതവും രാഷ്ട്രീയവും തമ്മിലുള്ള ഈ അനാവശ്യകൂടിച്ചേരലാണെന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു.

പതിവ്‌ ഇന്ത്യന്‍ ശൈലിയില്‍ സാമൂഹ്യപ്രശ്നങ്ങളുടെ ഉപരിപ്ലവമായ കാഴ്ചയില്‍ 'പരദേശി' മുഴുകിയപ്പോള്‍ ശക്തമായ ഒരു പ്രമേയത്തില്‍നിന്നും ജനിക്കേണ്ടിയിരുന്ന ഒരു മഹത്തായ ചലച്ചിത്രം ഒരു സാധാരണ ചിത്രം മാത്രമായി ചുരുങ്ങുന്നു.



| English Version |




Your Email Address
Post your comments


To post your comments in Malayalam, use 'Manglish'


| Home | Mail |

| History of Indian Cinema | Indian Parallel Cinema | History of Malayalam Cinema |
| Malayalam Parallel Cinema | Malayalam Middle-Stream Cinema |
| Malayalam Cinema Database |