|
READING PROBLEM?
അതെ, അടൂരും ദുര്‍ബലനായിതുടങ്ങി...
മൂന്ന് ദശകക്കാലത്തെ തന്റെ സിനിമാ ജീവിതത്തില്‍ വെറും ഒമ്പത് ചിത്രങ്ങള്‍ മാത്രം ചെയ്തിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍ തകഴിയുടെ കഥകളെ ആസ്പതമാക്കി ഒരേസമയം രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തതന്നെ കൗതുകമുണര്‍ത്തത്തക്കതായിരുന്നു. ഇതിലാദ്യ ചിത്രമായ 'നാലു പെണ്ണുങ്ങള്‍' പുറത്തിറങ്ങിയിരിക്കുന്നു.
തകഴിയുടെ നാലു ചെറുകഥകള്‍ വ്യത്യസ്തങ്ങളായ നാലു ഹ്രസ്വചിത്രങ്ങളുടെ രൂപത്തില്‍ കോര്‍ത്തിണക്കിയതാണ് 'നാലു പെണ്ണുങ്ങള്‍'. അടൂരിന്റെ ഈ ചിത്രവും നമ്മുടെ ആസ്ഥാന നിരൂപകന്മാരാല്‍ വാഴ്ത്തപ്പെടുകതന്നെ ചെയ്യപ്പെട്ടു. പതിവുപോലെതന്നെ സിനിമയുടെ ചെറിയ ചില ഘടകങ്ങളിലും ബിംബങ്ങളിലും കടിച്ചുതൂങ്ങി ഇവര്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി. എത്രയോകാലമായി വിസ്‌മൃതിയിലാണ്ടുകിടന്ന ഈ തകഴിക്കഥകള്‍ അടൂര്‍ ചിത്രത്തിലൂടെ ഉയിര്‍ത്തെഴുനേല്‍ക്കുമ്പോള്‍ നാം പ്രതീക്ഷിക്കുക ഈ കഥകളുടെ ഉപരിപ്ലവതയെ അതിലംഘിക്കുന്ന അടൂരിന്റേതായ ഒരു ചിത്രമാണ്. 'എലിപ്പത്തായം', 'മുഖാമുഖം', 'അനന്തരം' തുടങ്ങിയ മഹത്തരങ്ങളായ ചിത്രങ്ങളിലൂടെ ലോകസിനിമയില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള അടൂര്‍, പക്ഷെ തന്റെ പുതിയ ചിത്രത്തിലൂടെ നമ്മെ നിരാശരാക്കുന്നു എന്ന് പറയാതെ വയ്യ. തകഴിക്കഥകള്‍ സാധാരണയായി വിഹരിക്കുന്ന സ്ഥല-കാലങ്ങള്‍ തന്നെയാണ് ഈ നാലു കഥകളിലും കണുന്നത് - ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടവും, മധ്യതിരുവിതാംകൂറും. ഒരു വേശ്യയുടെ നികൃഷ്ടമായ ജീവിതത്തില്‍ നിന്നും കരകയറി ആത്മാഭിമാനത്തോടെയുള്ള ഒരു വൈവാഹിക ജീവിതം നയിക്കുക എന്ന ആഗ്രഹം ഒരു വ്യാമോഹം മാത്രമായി ഭവിക്കുന്ന ആദ്യകഥയിലെ കുഞ്ഞിപ്പെണ്ണും ('ഒരു നിയമലംഘനത്തിന്റെ കഥ') പണത്താലും ഭക്ഷണത്താലും മാത്രം ഉത്തേജിതനാകുന്ന ഷണ്ഡനായ ഒരുവനെ വിവാഹം കഴിച്ച് ഒരു കന്യകയായിത്തന്നെ തന്റെ ജീവിതം നയിക്കേണ്ടിവരുന്ന രണ്ടാം കഥയിലെ കുമാരിയും ('കന്യക') മാതൃത്വത്തിനുവേണ്ടി ദാഹിക്കുമ്പോഴും സ്വന്തം ഭര്‍ത്താവിന്റെ കഴിവുകേടൊന്നുകൊണ്ടു മാത്രം അതു നിഷേധിക്കപ്പെടുന്ന മൂന്നാം കഥയിലെ ചിന്നു അമ്മയും ('ചിന്നു അമ്മ') തന്റെ കുടുംബാംഗങ്ങളുടെ ആഗ്രഹ സാഫല്യത്തിനായി, അവ ദുരാഗ്രഹങ്ങളാണെന്ന് അറിഞ്ഞിട്ടുകൂടി, തന്റെ സ്വന്തം ആഗ്രഹങ്ങളെയെല്ലാം ബലികഴിച്ച് അവിവാഹിതയായി കഴിയുന്ന അവസാന കഥയിലെ കാമാക്ഷിയും ('നിത്യകന്യക') എല്ലാം കാലാകാലങ്ങളായി സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ സഹിച്ച് നരകതുല്യമായ തങ്ങളുടെ ജീവിതങ്ങള്‍ കഴിച്ചുകൂട്ടുന്ന ഭാരതസ്ത്രീകളുടെ പരിച്ഛേദം തന്നെ. ഈ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം തങ്ങള്‍ക്കവകാശപ്പെട്ട സ്നേഹവും പരിഗണനയും ലഭിക്കാതെ അപൂര്‍ണ്ണങ്ങളായ തങ്ങളുടെ ജീവിതങ്ങള്‍ ജീവിച്ച് മരിക്കുന്നവരാണ്. ഈ സ്ത്രീകളുടെ ജീവിത വ്യധകള്‍ അഭ്രപാളികളില്‍ പകര്‍ത്തുന്നതില്‍ 'നാലു പെണ്ണൂങ്ങള്‍' വിജയിച്ചു എന്നതില്‍ സംശയമില്ല. നൂറ്റാണ്ടുകളായി ഭാരതീയ സ്ത്രീകളുടെ ജീവിതാവസ്ഥയില്‍ കാര്യമായ പുരോഗതിയൊന്നുമില്ലെന്നതുകൊണ്ട് ഈ ചിത്രത്തിന് ഇന്നും സാംഗത്യമുണ്ടെന്ന വാദവും ഒരുപക്ഷെ നിലനില്‍ക്കത്തക്കതാണ്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം തുടങ്ങിയ മേഖലകളെക്കുറിച്ച് പ്രബന്ധങ്ങള്‍ തന്നെ രചിക്കപ്പെട്ടേക്കാം. എങ്കിലും ഒന്ന് പറയാതെ വയ്യ, 'നാലു പെണ്ണുങ്ങള്‍' നാളിതുവരെയുള്ള അടൂര്‍ ചിത്രങ്ങളില്‍വെച്ച് ഏറ്റവും ദുര്‍ബലമായ സൃഷ്ടിതന്നെ.
ഒരുകാലത്ത് ഇന്ത്യന്‍ സമാന്തര സിനിമയുടെ ഏറ്റവും പ്രധാന പഥങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന ഹിന്ദിയുടെ 'ന്യൂവേവ്' ചലച്ചിത്രങ്ങളുടെ ഓര്‍മ്മകളുണര്‍ത്തുന്നു 'നാലു പെണ്ണുങ്ങള്‍'. ചൂഷിതന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും കദനകഥകള്‍ ഉപരിപ്ലവമായ രീതിയില്‍ വിവരിച്ച ഈ ചിത്രങ്ങള്‍ പലതും വിപ്ലവാഹ്വാനത്തോടുകൂടിയ ശുഭപര്യവസാനികളായിരുന്നു. [ചൂഷകനായ ജന്മിയുടെ വീടിനു നേരെ കല്ലെറിയുന്ന 'അംകുറി'ലെ കുട്ടിയുടെ ഓര്‍മ്മകളുണര്‍ത്തുന്നു "പുരുഷന്റെ സഹായം കൂടാതെ ഒരു സ്ത്രീക്ക് ജീവിക്കുവാന്‍ സാധിക്കില്ലേ" എന്ന 'നാലു പെണ്ണുങ്ങളിലെ' കാമാക്ഷിയുടെ ചോദ്യം] സാമൂഹിക പ്രശ്നങ്ങളുടെ തൊലിപ്പുറമേയുള്ള കാഴ്ചകളില്‍ മാത്രം രമിച്ച തിനാല്‍, അവയുടെ പൊള്ളത്തരം കൊണ്ടുതന്നെ ഈ 'ന്യൂവേവിന്' അധികകാലം നിലനില്‍ക്കാനായില്ല. സിനിമയെന്നാല്‍ സാമൂഹ്യ പ്രശ്നങ്ങളെ വിപ്ലവവര്‍ണ്ണങ്ങളില്‍ ചാലിച്ച് അവതരിപ്പിക്കുവാനുള്ള മാധ്യമം മാത്രമാണെന്ന് പ്രഖ്യാപിച്ച ഈ ധാരയില്‍പ്പെട്ട ചലച്ചിത്രകാരന്മാരില്‍ പലരും ഇന്ന് ഒരുവിധത്തിലുമുള്ള ധാര്‍മ്മിക പ്രതിസന്ധികളേയും നേരിടാതെ ബോളിവുഡ് കമ്പോളത്തില്‍ മത്സരിച്ച് വിജയിക്കുന്ന കാഴ്ച നാം കണ്ടതാണ്. ഇന്ത്യന്‍ സമാന്തര സിനിമ ഇത്തരത്തിലുള്ള ആഴം കുറഞ്ഞ കാഴ്ചകളില്‍ മുഴുകിയപ്പോള്‍ അടൂര്‍, അരവിന്ദന്‍, ജോണ്‍ മുതലായവരുടെ ചിത്രങ്ങളിലൂടെ മലയാള സിനിമ ഒരു കുതിച്ചുച്ചാട്ടം തന്നെ നടത്തിയിരുന്നു. വിഷയത്തിന്റെ കാര്യത്തിലും, രൂപത്തിന്റെ കാര്യത്തിലും ഇവര്‍ നടത്തിയ വിപ്ലവാത്മകമായ അന്വേഷണങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ഭൂപടത്തില്‍ മലയാള സിനിമക്ക് അനിഷേധ്യമായ ഒരു സ്ഥാനം തന്നെ നേടിക്കൊടുത്തു. ഇവരുടെ ചിത്രങ്ങള്‍ക്കുമെത്രയോ മുമ്പുതന്നെ മലയാള സാഹിത്യത്തില്‍ നടന്ന ഒരു വന്‍ മുന്നേറ്റം മലയാളിയുടെ വായനാനുഭവത്തെ അടിമുടി മാറ്റിമറിച്ചിരുന്നു. തകഴിയും മറ്റും നിറഞ്ഞുനിന്നിരുന്ന കാലത്തെ സാമൂഹ്യ (പരിഷ്കരണ) നോവലുകളില്‍ നിന്നും വിജയനിലേക്കും ആനന്ദിലേക്കുമുള്ള ദൂരം ചെറുതൊന്നുമല്ലല്ലോ.
ഇപ്പോളിതാ അടൂര്‍ തകഴിയിലേക്ക് ഒരു മടക്കയാത്ര നടത്തുന്നു, ഉപരിതല സ്പര്‍ശികള്‍ മാത്രമായ നാല് ഹ്രസ്വചിത്രങ്ങളുമായി. അടൂരിന്റെ ആദ്യ ചിത്രമായ 'സ്വയംവര'വും ഏറ്റവും പുതിയ ചിത്രമായ 'നാലു പെണ്ണുങ്ങളും' തമ്മില്‍ പലവിധത്തിലുമുള്ള സാദൃശ്യങ്ങള്‍ നമുക്ക് കാണാം; ഒരു സാമൂഹിക പ്രശ്നം കൈകാര്യം ചെയ്യുന്ന രീതിയിലും കഥപറച്ചിലിന്റെ ആഴക്കുറവിലും എല്ലാം. ഇതില്‍ നാലുപെണ്ണുങ്ങള്‍ വ്യത്യസ്തമാകുന്നത് ഒരുപക്ഷെ അതിന്റെ അമിത സൗന്ദര്യവത്‌കരണം കൊണ്ടും പഴയകാലഘട്ടം പുനസൃഷ്ടിച്ച് ഒരു 'പീരിയഡ് ഫിലിം' നിര്‍മ്മിക്കുവാനുള്ള ആവശ്യത്തിലധികമായ വ്യഗ്രതയും കൊണ്ടാണ്.
സിനിമയെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ ആന്ദ്രേ തര്‍ക്കോവ്‌്സ്കി പറയുന്നു: "സിനിമയില്‍ ഒരു പഴയകാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുമ്പോള്‍, കഥ ആ കാലത്ത് തന്നെയാണ് നടക്കുന്നതെന്ന വിശ്വാസം പ്രേക്ഷകമനസ്സുകളില്‍ ജനിപ്പിക്കുവാനായി പഴയകാലത്തിന്റേതായ ഘടകങ്ങള്‍ അമിത പ്രാധാന്യത്തോടെ കുത്തിനിറക്കുമ്പോള്‍ അനാവശ്യ സംഗതികളിലേക്ക് പ്രേക്ഷക ശ്രദ്ധ തിരിക്കുവാന്‍ മാത്രമേ അത് ഉപകരിക്കൂ. ഏറെക്കുറെ നിഷ്പക്ഷമായ വസ്ത്രങ്ങള്‍, ഭൂപ്രദേശങ്ങള്‍, ആധുനികമായ ഭാഷ തുടങ്ങിയവയുടെ യുക്തമായ ഉപയോഗം കൊണ്ട് അപ്രധാനമായതിലേക്ക് പ്രേക്ഷക ശ്രദ്ധ തിരിക്കാതെ, സിനിമയുടെ പ്രധാന ഉദ്ദേശത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിക്കും". ഇവിടെ നമുക്ക് പക്ഷെ ഒന്ന് സംശയിക്കേണ്ടിയിരിക്കുന്നു, കഥ നടക്കുന്ന കാലഘട്ടം തന്നെയാണോ ഈ അടൂര്‍ ചിത്രത്തിന്റെ ഏറ്റവും പ്രധാന ഘടകം? വിദഗ്ദ്ധമായി പുനരാവിഷ്കരിക്കപ്പെട്ടതെങ്കിലും ആഴം കുറഞ്ഞതും,ആത്മാവു നഷ്ടപ്പെട്ടതുമായ കഥകള്‍ ഒരു കാലഘട്ടത്തിലെ സാമൂഹ്യ പ്രശ്നങ്ങളുടെ 'ഡോക്കുമെന്റേഷന്‍' മാത്രമായി ചുരുങ്ങുന്നു. സാമൂഹ്യപ്രശ്നങ്ങളെ വളരെ ഉപരിപ്ലവമായി കൈകര്യം ചെയ്യുന്ന ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ സംഘം ചലച്ചിത്രകാരന്മാരുടെ കൂട്ടത്തിലേക്ക് അടൂര്‍ ഗോപാലകൃഷ്ണനും നടന്നു നീങ്ങുന്ന ദുഃഖകരമായ കാഴ്ച നാം കാണുന്നു. _________________________________ സാമൂഹിക പ്രശ്നങ്ങള്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍ തന്നെയും, കൈകാര്യം ചെയ്തതും കാവ്യാത്മകമായ തലത്തിലേക്ക് ഉയര്‍ന്നതുമായ നിരവധി ചിത്രങ്ങള്‍ സമകാലിക ലോകസിനിമയില്‍ നമുക്ക് കാണാനാവും, മര്‍സിയാ മഖ്മല്‍ബഫിന്റെ 'ദ ഡേ ഐ ബിക്കേം എ വുമണ്‍' ഒരു ഉദാഹരണം മാത്രം. | English Version | To post your comments in Malayalam, use 'Manglish'
| History of Indian Cinema |
Indian Parallel Cinema |
History of Malayalam Cinema | |