READING PROBLEM?
DOWNLOAD MEERA FONT

കലുഷമായ ലോകത്തിന്റെ പുറംകാഴ്ചകള്‍‍

രാജ്‌മോഹന്‍


"നീ ഭയക്കേണ്ടത്‌ മരണത്തെയല്ല, അശാന്തമായ ഈ ലോകത്ത്‌ ശാന്തമായി ജീവിക്കുവാന്‍ കഴിയുന്നെങ്കില്‍ നിന്റെ മനസ്സിനെയാണ്‌ നീ ഭയക്കേണ്ടത്‌" ഡോ.ബിജുവിന്റെ ആദ്യ ചിത്രമായ 'സൈറ'യുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന വാചകങ്ങളാണിവ. സത്യമാണ്‌, അതിസങ്കീര്‍ണ്ണങ്ങളായ നൂറുകൂട്ടം സാമൂഹ്യ പ്രശ്നങ്ങള്‍ക്കിടയില്‍ നീറിപ്പുകയുന്ന നാമിന്ന് ജീവിക്കുന്ന ലോകം അത്യന്തം കലുഷമാണ്‌. മനുഷ്യത്വവും സാമൂഹികബോധവുമുള്ള ഏതൊരുവനേയും വര്‍ത്തമാനകാല ജീവിതത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അനീതികളും മനുഷ്യ വ്യഥകളും അലട്ടുകതന്നെ ചെയ്യും.

മലയാള സമാന്തര സിനിമയുടെ പുതുതലമുറയില്‍ പ്രമുഖനായ ഡോ.ബിജുവിന്റെ രണ്ടു ചിത്രങ്ങളും, 'സൈറ'യും 'രാമനും', കലുഷമായ ഈ ലോകത്തിനെ ഭയത്തോടെ, വേദനയോടെ നോക്കിക്കാണുന്ന ചില നല്ല മനുഷ്യരുടെ കഥയാണ്‌, വേട്ടയ്യാടപ്പെടുന്ന മനുഷ്യത്വത്തിന്റെ കഥയാണ്‌.


വേട്ടയാടപ്പെടുന്ന സൈറമാര്‍ ‍

സ്നേഹവും സംഗീതവും മാത്രം നിറഞ്ഞുനില്‍ക്കുന്ന പ്രശസ്ത സംഗീതജ്ഞനായ ഉസ്താദ്‌ അലി ഹുസൈനിന്റെയും മകള്‍ സൈറയുടെയും ജീവിതത്തിലേക്ക്‌ ദുരന്തം ഇടിത്തീപോലെ വന്നു പതിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിലെ പുതിയ ജോലിയുടെ ഭാഗമായി കാസിം അബ്ബാസെന്ന കൊടും ഭീകരനെ കാശ്മീരില്‍വെച്ച്‌ അഭിമുഖം നടത്തിയതിനു ശേഷമാണ്‌ ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങള്‍ സൈറയെ പിന്തുടരുവാനാരംഭിക്കുന്നത്‌. സംഭവവികാസങ്ങളുടെ ഒരു പരമ്പരക്കൊടുവില്‍ സൈറയെ ഭീകരബന്ധമുള്ളൊരുവളായി പോലീസ്‌ ചിത്രീകരിക്കുന്നു. പോലീസിന്റെ കടുത്ത പീഡനങ്ങള്‍ക്കൊടുവില്‍ പോലീസ്‌ കസ്റ്റടിയില്‍ സൈറ മരിക്കുന്നു. ആത്മഹത്യയോ കൊലപാതകമോ ആവാം സൈറയുടെ മരണം.

ടെലിവിഷന്‍ റിപ്പോര്‍ട്ടറായ സൈറയുടെ ജീവിതത്തില്‍നിന്ന് ഇടവിട്ട്‌ ഇടവിട്ട്‌ സിനിമ മറ്റൊരു സൈറയുടെ കഥയിലേക്ക്‌ കട്ട്‌ ചെയ്യുന്നു. കേരളത്തിലേക്ക്‌ കുടിയേറിയ കാശ്മീര്‍കാരനായ പരവതാനി വ്യാപാരിയുടെ മകള്‍, മൂകയായ സൈറയുടെ നിശബ്ദ ജീവിതത്തിലേക്ക്‌. ഇവള്‍ക്കുമുള്ളത്‌ ദുരന്താത്മകമായ ഒരു ഭൂതകലവും, ദു:ഖകരമായ വര്‍ത്തമാനവും, പ്രത്യാശക്ക്‌ ഒരുവകയുമില്ലാത്ത ഭാവിയുമാണ്‌. ഈ കൊച്ചു സൈറയും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ കണ്മുമ്പില്‍ കാണുന്നു, നേരിട്ടനുഭവിക്കുന്നു. ആ അഭിശപ്തനിമിഷങ്ങള്‍ക്കൊടുവില്‍ അവള്‍തന്റെ ആദ്യാക്ഷരങ്ങള്‍ ഉരുവിടുന്നു. ഒരുപക്ഷെ ഈ കൊച്ചു സൈറയുടെ ആദ്യ ശബ്ദങ്ങള്‍ ലോകത്തിലെ അനീതിക്കും അക്രമത്തിനുമെതിരെയുള്ള നാളയുടെ ശബ്ദമായി പ്രകമ്പനംകൊണ്ടേക്കാം.


രാമന്റെ വ്യഥകള്‍

'സൈറ'യിലെ കൊച്ച്‌ സൈറയെപ്പോലെതന്നെ ഡോ.ബിജുവിന്റെ പുതിയ ചിത്രമായ 'രാമനി'ലെ മുഖ്യകഥാപാത്രമായ രാമനും ഒരു മൂകന്ത്തന്നെ. മൂകന്‍ മാത്രമല്ല, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അവനൊരു മന്ദബുദ്ധികൂടിയാണ്‌. മുതിര്‍ന്നവരുടെ ലോകത്തിലെ വലിയ കാര്യങ്ങളല്ല രാമനെ ആകര്‍ഷിക്കുന്നത്‌, തന്റെ കൊച്ചു ഗ്രാമത്തിലെ ചെറിയ കാര്യങ്ങളിലും അവിടത്തെ കുട്ടികളൊത്തുള്ള കളിചിരികളിലും മുഴുകി സന്തുഷ്ടനയി ജീവിക്കുന്നു രാമന്‍. പരിപൂര്‍ണ്ണമായ നിഷ്കളങ്കതയുടെ പ്രതീകമായി രാമനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പക്ഷെ, ഒന്നൊന്നായി അവനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന ചില അപരിചിത സംഗതികള്‍ അവനെ അലട്ടുവാന്‍ തുടങ്ങുന്നു, ഒരുപക്ഷെ അവ എന്തെന്ന് അറിയാഞ്ഞിട്ടുകൂടി. ദാരിദ്ര്യം, കടക്കെണി, ആത്മഹത്യ, വര്‍ഗ്ഗീയത തുടങ്ങിയ സാമൂഹ്യവിപത്തുക്കളെ മുതിര്‍ന്നവര്‍ നിസ്സംഗതയോടെ നോക്കിക്കാണുമ്പോള്‍ അവ രാമനെ ദു:ഖിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു.

'സൈറ'യിലെന്നപോലെ തന്നെ 'രാമനി'ലും രാമന്റെ കഥക്ക്‌ സമാന്തരമായി മറ്റൊരു കഥകൂടി വികസിക്കുന്നുണ്ട്‌. ദിയ എന്ന ഡോക്കുമെന്ററി സംവിധായക നടത്തുന്ന അന്വേഷണങ്ങളുടെ കഥ. തന്റെ ചിത്രത്തിന്റെ വിഷയമായ അമേരിക്കന്‍ അധിനിവേശങ്ങളുടെ വേരുകള്‍ തേടിയുള്ള അവരുടെ യാത്ര അവരെ ഇറാഖില്‍ എത്തിക്കുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലാവുന്ന അവര്‍ ഒടുവില്‍ മോചിപ്പിക്കപ്പെടുന്നു.

ഡോക്കുമെന്ററി സംവിധായകയുടെ അന്വേഷണങ്ങള്‍ ടെലിവിഷന്‍ ദൃശ്യങ്ങളായും, വീടിയോ ക്ലിപ്പിങ്ങുകളായും, നീണ്ട സംഭാഷണങ്ങളായും നമുക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ രാമന്റെ മൗനത്തിലാണ്ട മനോവ്യധകള്‍ സര്‍റിയലിസത്തില്‍ കലര്‍ന്ന ദൃശ്യങ്ങളായി പ്രത്യക്ഷപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ യുദ്ധപ്രസംഗത്തില്‍ ആരംഭിക്കുന്ന ചിത്രം അമേരിക്കന്‍ അധിനിവേശത്തിന്റെ ഏറ്റവും ഒടുവിലത്തെ സുപരിചിത ദൃശ്യമായ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആണവക്കരാര്‍ പ്രസംഗത്തില്‍ അവസാനിക്കുന്നു.


ഒരു പൂവിനെ നമുക്ക്‌ എങ്ങിനെയൊക്കെ കാണാം? ‍

'സൈറ'യിലെ കഥാപാത്രമായ കാസിം അബ്ബാസ്‌ ഒരു കഥ പറയുന്നുണ്ട്‌:

ഒരിക്കലൊരു ഗുരു തന്റെ ശിഷ്യന്മാര്‍ക്ക്‌ ഒരു പുഷ്പം കാണിച്ചുകൊടുത്തു. ഗുരു അവരോട്‌ ചോദിച്ചു: "നിങ്ങള്‍ക്ക്‌ ഈ പൂവിനേക്കുറിച്ച്‌ എന്തുതോന്നുന്നു?" ശിഷ്യന്മാരിലൊരാള്‍ ഒരു നീണ്ട പ്രഭാഷണം നടത്തി. മറ്റൊരാള്‍ പൂവിനേക്കുറിച്ച്‌ ഒരു കഥ പറഞ്ഞു. മറ്റൊരാള്‍ ഒരു കവിതയും. മിണ്ടാതെയിരിക്കുന്ന നാലാമനോട്‌ ഗുരു ചോദിച്ചു: "നിനക്കൊന്നും പറയാനില്ലേ?". അയാള്‍ പറഞ്ഞു: "ക്ഷമിക്കണം, ഞാന്‍ ആ പൂവിനെ അറിയുകയാണ്‌".

ഡോ.ബിജു തന്റെ രണ്ടു ചിത്രങ്ങളിലും നടത്തുന്നത്‌ ആദ്യ ശിഷ്യന്‍ ചെയ്തതുപോലുള്ള നീണ്ട പ്രഭാഷണങ്ങള്‍ നല്‍കലും ഉപന്യാസ രചനയുമാണ്‌. ഈ പ്രഭാഷണങ്ങളെ കൂട്ടിയിണക്കാനായി രണ്ടാമത്തെ ശിഷ്യന്‍ ചെയ്തതുപോലുള്ള കഥാരചനയും നടത്തുന്നു അദ്ദേഹം. അപൂര്‍വ്വമായാണെങ്കില്‍പോലും മൂന്നാമത്തെ ശിഷ്യന്‍ ചെയ്തത്‌ പോലെ തന്റെ ചിത്രങ്ങളെ കാവ്യാത്മകമായ തലത്തിലേക്ക്‌ ഉയര്‍ത്തുവാനും ശ്രമിക്കുന്നു അദ്ദേഹം. പക്ഷെ ഒരിക്കല്‍ പോലും ഡോ.ബിജുവിന്റെ ചിത്രങ്ങള്‍ നാലാമത്തെ ശിഷ്യന്‍ ചെയ്തതുപോലുള്ള ഗാഢമായ അന്വേഷണത്തിന്റെ തലത്തിലേക്ക്‌, അനുഭവത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നില്ല.

'സൈറ'യില്‍ സൈറ, അലി ഹുസൈന്‍, കാസിം അബ്ബാസ്‌ എന്നീ കഥാപാത്രങ്ങളെക്കൊണ്ട്‌ മതതീവ്രവാദം എന്ന സാമൂഹ്യ വിപത്തിനെക്കുറിച്ച്‌ ആ വിഷയത്തിന്റെ പല വശങ്ങളില്‍ നിന്നുകൊണ്ട്‌ പ്രഭാഷണങ്ങള്‍ നടത്തിക്കുന്നു സംവിധായകന്‍. 'രാമനി'ലാകട്ടെ കേരള / ഇന്ത്യന്‍ / ആഗോള തലത്തില്‍ ഇന്ന് അനുഭവപ്പെടുന്ന ഒട്ടുമിക്ക സാമൂഹ്യപ്രശ്നങ്ങളേയും കുറിച്ച്‌ ഡോക്കുമെന്ററി സംവിധായക, യുദ്ധവിരുദ്ധ പ്രവര്‍ത്തകയായ അമേരിക്കക്കാരി, സംവിധായക കണ്ടുമുട്ടുന്ന മറ്റുചിലര്‍ തുടങ്ങിയവരെ കൊണ്ട്‌ പ്രഭാഷണങ്ങള്‍ നടത്തിക്കുന്നു സംവിധായകന്‍. ഇതിനുമൊക്കെപ്പുറമെ, കവലപ്രസംഗങ്ങള്‍, മുദ്രാവാക്യങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയും വഴി സംവിധായകന്‍ തന്റെ രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കുന്നു. .

സമകാലിക മലയാള സിനിമയുടെ ദയനീയാവസ്ഥ പരിഗണിക്കുമ്പോള്‍ സാമാന്യം ഭേദപ്പെട്ടൊരു പാത്രസൃഷ്ടിയാണ്‌ 'രാമനി'ലെ രാമന്‍ എന്ന കഥാപാത്രം. രാമനെന്ന അടിത്തറയില്‍നിന്ന് കെട്ടി ഉയര്‍ത്തേണ്ടിയിരുന്ന നല്ലൊരു ചിത്രം, പക്ഷെ, ദാരിദ്ര്യം, കടക്കെണി, കൂട്ട ആത്മഹത്യ, ഭൂമാഫിയ, പരിസ്ഥിതി പ്രശ്നം, അധിനിവേശം, അമേരിക്ക, ഇറാഖ്‌, ഇറാന്‍, പാലസ്റ്റീന്‍, നിക്കരാഗ്വേ, ആഗോളീകരണം, ADB, ലോകബാങ്ക്‌, ആണവക്കരാര്‍ തുടങ്ങിയ വിഷയങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ട്‌ എങ്ങോ പോയി മറയുന്നു.

ടെലിവിഷന്‍ ദൃശ്യങ്ങളും സിനിമയും .

മലയാളത്തിലിന്ന് പുറത്തുവരുന്ന ഗൗരവസ്വഭാവമുള്ള ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും പൊതുവായൊരു കഥാപാത്രത്തെ നാം കണ്ടുമുട്ടുന്നു, ഒരു പത്രപ്രവര്‍ത്തകന്റെ അല്ലെങ്കില്‍ ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ. സമകാലിക സംഭവവികാസങ്ങളുടെ കമെന്ററി സിനിമയിലൂടെ നടത്തുവാന്‍ ഏറ്റവുമനുയോജ്യമായ കഥാപാത്രം. പത്ര-ടെലിവിഷന്‍ വാര്‍ത്തകളിലൂടെ സുപരിചിതങ്ങളായ ദൃശ്യങ്ങള്‍ സിനിമയില്‍ക്കൂടിയും കാണേണ്ടിവരുന്നു നമുക്ക്‌. പക്ഷെ, പണ്ടെങ്ങോ കണ്ടൊരു നല്ല സിനിമയുടെ ദൃശ്യാനുഭവം നമ്മിലിന്നും നിലനില്‍ക്കുമ്പോള്‍ ഇന്നെലെ കണ്ട ഞെട്ടിക്കുന്ന ടെലിവിഷന്‍ വാര്‍ത്തയുടെ ഞെട്ടല്‍ വളരെക്കുറച്ച്‌ സമയം കൊണ്ട്‌ തന്നെ ഇല്ലാതാവുന്നു എന്ന വാസ്തവം ശ്രദ്ധേയമാണ്‌. ഒരുപക്ഷെ ഈ രണ്ട്‌ ദൃശ്യമാധ്യമങ്ങളും നമ്മോട്‌ സംവദിക്കുന്ന തലങ്ങളുടെ വ്യത്യാസം കൊണ്ടാവാമത്‌, അവയുടെ അന്വേഷണങ്ങളുടെ ആഴവ്യത്യാസം കൊണ്ടാവാം.

മുമ്പ്‌ പറഞ്ഞുവല്ലോ, 'സൈറ'യും 'രാമ'നും അശാന്തമായ ഈ ലോകത്തിനെ ഭയത്തോടെ നോക്കിക്കാണുന്ന, സ്വന്തം മനസ്സുകളുടെ ശാന്തത നഷ്ടപ്പെട്ട, ചുറ്റും അരങ്ങുതകര്‍ക്കുന്ന സാമൂഹ്യ തിന്മകളാല്‍ വേട്ടയാടപ്പെടുന്ന മനുഷ്യത്വങ്ങളുടെ കഥകളാണെന്ന്. പക്ഷെ എന്തുകൊണ്ട്‌ ഈ ചിത്രങ്ങള്‍ അതിലെ കഥാപാത്രങ്ങളുടെ, ഒരു പക്ഷെ സംവിധായകന്റെ, മനോവ്യധകള്‍ പ്രേക്ഷകനിലേക്ക്‌ പകര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു? ഒരു വിഷയത്തിന്റെ ആഴത്തിലേക്ക്‌ ഇറങ്ങിച്ചെന്ന് അതിനെ 'അറിയാന്‍' ശ്രമിക്കുന്നതില്‍ക്കൂടുതലായി ആ വിഷയത്തിനേക്കുറിച്ച്‌ അറിവുള്ളതായ എല്ലാ വിവരങ്ങളും കഴിവുള്ള എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച്‌ തന്റെ ചിത്രങ്ങളില്‍ കുത്തിനിറക്കുവാനുള്ള സംവിധായകന്റെ അമിതമായ വ്യഗ്രതകൊണ്ടാവമത്‌.

വിശാലമായ പുല്‍ത്തകിടിയില്‍ക്കൂടി നഗ്നനായി വലിയൊരു തടാകത്തിനു നേര്‍ക്ക്‌ നടന്നുനീങ്ങുന്ന രാമന്‍, ആ തടാകത്തിലെ നിര്‍മ്മല ജലത്തില്‍ മുങ്ങി പൊങ്ങുന്നു. പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെടുന്ന ഒരു പറ്റം കുട്ടികളുടെ കളിചിരികളില്‍ പങ്കുചേരുന്നു രാമന്‍. രാമനെന്ന കഥാപാത്രത്തെ ചിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്‌ ഈ ദൃശ്യങ്ങളില്‍കൂടിയാണ്‌. ചിത്രമവസാനിക്കുന്നതാവട്ടെ ഈ ദൃശ്യത്തിന്റെ ബാക്കി എന്നവണ്ണമുള്ളൊരു ദൃശ്യത്തില്‍കൂടിയാണ്‌. തടാകത്തില്‍നിന്ന് മുങ്ങിക്കയറുന്ന രാമന്‍ നഗ്നനായിത്തന്നെ പുല്‍ത്തകിടിയില്‍ക്കൂടി നടന്നുനീങ്ങുന്നു. അവന്‍ നടക്കുന്ന മണ്‍വഴിയില്‍ ചിതറിക്കിടക്കുന്ന കുട്ടികളുടെ ശവശരീരങ്ങള്‍ ഒരോന്നായി ഉറക്കമുണര്‍ന്നതുപോലെ എഴുന്നേറ്റ്‌ രാമനെ പിന്തുടരുന്നു. അവരുടെ നടത്തം ഒരു കാല്‍നട ജാഥ പോലെ മുമ്പോട്ടു നീങ്ങുന്നു. പക്ഷെ, ചിത്രത്തിന്റെ ഈ അവസാനദൃശ്യങ്ങള്‍ സംവിധായകന്‍ ദിയ എന്ന കഥാപാത്രത്തിനേക്കൊണ്ട്‌ ഇങ്ങനെ വിവരിപ്പിക്കുന്നു: "It's the opening shot of our new documentary. It represents the naked symbol of protest of invasions of nations all over the world". ഈ മട്ടിലുള്ള 'സ്പൂണ്‍ഫീഡിംഗ്‌'കേള്‍ക്കുന്ന പ്രേക്ഷകന്‍ മുഖത്തടിയേറ്റതുപോലെ ഇരുന്നു പോകുന്നു. സംവിധായകന്‌ മലയാളിയുടെ സംവേദനക്ഷമതയില്‍ തീരെ വിശ്വാസമില്ലെന്ന് തോന്നിപ്പോകുന്നു.


| English Version |




Your Email Address
Post your comments


To post your comments in Malayalam, use 'Manglish'





| Home | Mail |

| History of Indian Cinema | Indian Parallel Cinema | History of Malayalam Cinema |
| Malayalam Parallel Cinema | Malayalam Middle-Stream Cinema |
| Malayalam Cinema Database |